February 12, 2007

ഇരട്ട കുട്ടികളുടെ അച്ചന്റെ കഥ...അമ്മയുടേയും...

അവന്‍ ഇരട്ടക്കുട്ടികളുടെ അച്ചന്‍
രണ്ട്‌ ആണ്‍കുട്ടികളാണവന്‌
അവന്‍ മക്കളെ വേഗം വലുതാക്കും
ചിലപ്പോള്‍ പാട്ടുകാരാക്കും
ഗന്ധര്‍വ്വനും സ്തുതിക്കും
ചിലപ്പോള്‍ ചെസ്സുകളിക്കാര്‍
ആനന്ദെപ്പോഴും ചെക്ക്മേറ്റ്ഡ്‌
ചിലപ്പോള്‍ സച്ചിനും തോല്‍ക്കുന്ന ക്രിക്കറ്റേഴ്സ്‌

അവള്‍ക്കാണെങ്കില്‍ തിരക്കോടുതിരക്ക്‌
അവളെന്നും പെറും
ചിലപ്പോള്‍ രണ്ടാണ്‍കുട്ടികള്‍
ചിലപ്പോള്‍ രണ്ടും പെണ്ണ്‍
അപ്പി കഴുകണം കുളിപ്പിക്കണം
കണ്ണെഴുതണം പൗഡറിടണം
കരിവളയിടണം പിന്നെവിടെ സമയം

പിന്നെപ്പിന്നെയൊരു ദിവസം
സ്വപ്നങ്ങളില്‍ ചോരപ്പാടുകള്‍ വീഴും
വീണ്ടും ഒരു കാത്തിരിപ്പ്‌
പതിവു പോലെ
ഇരുപത്തെട്ടു രാപ്പകലുകള്‍
അതോ യുഗങ്ങളോ
എന്നാലും അവര്‍ സന്തോഷിക്കും
എന്നും പെറാമല്ലോ
എന്നും വളര്‍ത്താമല്ലോ

February 10, 2007

തിരുത്ത്‌

യൂദാസിന്‌ എം.ടി.യെ വളരെ ഇഷ്ടമാണ്‌
പെരുന്തച്ചനും വൈശാലിയും വീരഗാഥയും
ഒറ്റയിരുപ്പിന്‌ കണ്ടു
രണ്ടാമൂഴം ഒറ്റയൂഴത്തില്‍ തീര്‍ത്തു
വല്ലാത്തൊരു ഇന്‍സ്പിരേഷന്‍
പ്രചോദനമെന്ന വാക്കവിടെ ചേരാത്ത പോലെ

ഇന്ന് പെസഹാ
വിശുദ്ധ പുസ്തകമെടുത്തു പ്രവചനങ്ങള്‍ വായിച്ചു
അതു താന്‍ തന്നെയോ

എം.ടി.യെ ധ്യാനിച്ച്‌ അത്താഴമേശയില്‍...
ഗുരുവചനം...
ഇവന്‍ ഒറ്റുകാരന്‍
ഇതു ഭക്ഷിപ്പിന്‍
കര്‍മ്മം പൂര്‍ത്തിയാക്കിന്‍
യൂദാസിനു അനുസരിച്ചാണ്‌ ശീലം
അപ്പത്തിനൊപ്പം സാത്താനും

ഗത്സമിനി...
ഗുരുവിന്‌ സ്വസ്തി, ഒരു ചുംബനവും
മുപ്പതു വെള്ളിക്കാശിനെത്ര വില

കാശിന്റെ കിലുക്കത്തിന്‌ ചോദ്യങ്ങളുടെ മുഴക്കം
യൂദാസേ നീയും...

ചരിത്രം ഉപകരണങ്ങളെ മറക്കും
എം.ടി.യാണിമ്മാനുവേല്‍
'വിശുദ്ധ യൂദാസ്കറിയാത്തോ'യുടെ പടം
മെഴുകുതിരിക്കൊപ്പം പ്രാര്‍ത്ഥിച്ചുരുകും ജനം
മനസ്സു നിറഞ്ഞു, കണ്ണുകളും
ഒരു മുടിക്കയര്‍
എന്റെ എം.ടി.പുണ്യവാളാ
കഥ നീ മാറ്റില്ലേ

February 8, 2007

രൂപാന്തരം

കഥയാണെനിക്കിഷ്ടം
കഥയേ വായിക്കൂ
കഥയെഴുതാനാണ്' മോഹം
കരവിരുതൊട്ടില്ല താനും
കവിത ഇഷ്ടമേയല്ല
കവിത വായിച്ചിട്ടേയില്ല


കഥാകാരന്‍റ്റെ ആത്മഗതം
കവിതയൊന്നു പയറ്റിയാലോ
കേകയും കളകാഞ്ചിയും വേണ്ട
കാലം ഉത്തരാധുനികം
കോറിയിട്ടാലും കവിതയാകും
കഥ പോലെ കവിതയെഴുതി
കഥാകാരനും കവിയായി

കഥ മരിച്ചു കവിതയും മരിച്ചു
കവി ജനിച്ചു